11-April-2023 -
By. news desk
കൊച്ചി: കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ലോകോത്തര നിലവാരത്തിലുള്ള സയന്‍സ് പാര്‍ക്ക് എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാകുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകളുടെ ഭാഗമായി എഫ് എ സി ടി (ഫാക്ട്) സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് 1000 കോടി രൂപ ചെലവില്‍ അഞ്ചു സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു പാര്‍ക്കുകള്‍ക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓരോ പാര്‍ക്കിനും 200 കോടി രൂപ വീതം ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യത്തെ മൂന്ന് പാര്‍ക്കുകള്‍.
തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ആദ്യത്തെ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുക. 1000 കോടി രൂപയുടെ ഡിപിആര്‍ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഫണ്ടിന് പുറമെ മറ്റു സ്രോതസ്സുകളില്‍ നിന്നും തുക സ്വരൂപിക്കും. സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലാണ് സയന്‍സ് പാര്‍ക്കുകളുടെ നിര്‍മാണത്തിലെ പ്രധാന ഏജന്‍സി.കൊച്ചി യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് 15 ഏക്കര്‍ ലഭ്യമല്ലാത്തതിനാലാണ് ഫാക്ടിന്റെ സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ സര്‍ക്കാരിന് വേണ്ടി ഫാക്ട് ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ തന്നെ സ്ഥലം വാങ്ങുവാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരുകാലത്ത് തകര്‍ച്ചയില്‍ നിന്നിരുന്ന സ്ഥാപനം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച കമ്പനിയാണ്. അതുകൊണ്ട് തന്നെ സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത് രണ്ടു കൂട്ടര്‍ക്കും ഗുണം നല്കുന്ന കാര്യമാണ്. ഫാക്ട് ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് എത്രയും പെട്ടെന്ന് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്പോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.